Saturday, 6 October 2012

" ഓര്‍മ്മകള്‍ "

തനി നാടന്‍ പെണ്ണല്ലേ ഒരു പനിനീര്‍ പൂവല്ലേ
അരികില്‍ വരുമ്പോഴെന്നും കാച്ചിയെണ്ണ മണമല്ലേ
അഴകേറും ചുരുള്‍ മുടിയില്‍ ഒരു തുളസ്സിക്കതിരില്ലേ
കുളിരായ് നീ  വരുകില്ലേ  അഴകേറും പെണ്‍കിളിയേ

തൊടുകുറിയായ് ചന്ദനവും കണ്ണഴകായ്‌ കരിമഷിയും
കൈകളില കരിവളയും സെറ്റുകസവിന്‍ ഞോറിയഴകും 
വഴുതിവീണ ആശകളും വഴിയടഞ്ഞ നൊമ്പരവും
ചെറുചിരിയായ് നിറയുന്നു ഇന്നുമെന്നിലോര്‍മ്മകളില്‍

മയില്‍‌പീലി കണ്ണിണകള്‍  മനസ്സില്‍ ഒരു തേന്മഴയായ്
ഇരുള്‍ മൂടും കാര്‍മുകിലില്‍  നിറയുന്നോരു  മഴവില്ലായ്‌
അടര്‍ന്നു വീഴും പൂവുകളില്‍ മായാത്തൊരു വാസനയായ്
കവിതയിലെ ചെറു കഥയായ് നിറയുന്നു നിന്‍ മുഖവും

പാദസര ചേലുകാട്ടും സ്വരമിന്നെന്‍ ഓര്‍മ്മകളായ്
കരളില്‍ ഒരു പൂവിതളായ് നിറമേറും നീലിമയായ്
സുഖസുന്ദര നിദ്രയിലും മറയാത്തൊരു സ്വപ്നവുമായ്
കുളിരായ് നീ വരുകില്ലേ അഴകേറും പെണ്‍കിളിയേ,,,,




Wednesday, 3 October 2012

"വാസ്തവം"

പൊഴിയുന്ന പൂവുപോല്‍ വീഴുന്നു ജീവനും
ജയിക്കുവാനാവില്ല കരുത്തനാണെന്നും നീ
ജീവിത സ്വപ്നത്തിന്‍ അടിവേരു പിഴുതു നീ
അലറിയടുക്കുന്നു ആടിത്തിമിര്‍ക്കുന്നു

കാലത്തിന്‍ മാറ്റമായ് മായ്ച്ചിടാനാകുമോ
നീ നഷ്ട്ടപെടുത്തിയ ജീവിത ചീന്തുകള്‍
ചെവിയോര്‍ത്താലത് നിന്നിലേക്കെത്തിടും
ഒരമ്മതന്‍ തേങ്ങലും നഷ്ട പ്രതീക്ഷയും

നീ ജയിച്ചപ്പോഴിന്നലെ തോറ്റതെന്‍ അച്ഛനും 
കഥയറിയാ മക്കളാം ഞങ്ങള്‍തന്‍ ബാല്യവും 
ദൂരേക്ക്‌ പോവുക ശാപവും പേറിനീ, 
കവരാതെ മറ്റേതു ജീവനും ശോഭയും  

പൊറുക്കുവാനാവില്ല നിന്നോടൊരിക്കലും
തുടരുകയാണോ നീ ഇന്നുമാ പോര്‍വിളി
പലപല രൂപവും ഭാവവും നല്‍കി നീ
കുഴികുത്തി മൂടുന്നു ഇന്നുനൂറാശകള്‍,,,


"ഉപദേശം"

കണ്ണുണ്ട് കാണുവാന്‍ കാതുണ്ട് കേള്‍ക്കുവാന്‍ 
എങ്കിലും കാണില്ല കേള്‍ക്കില്ലതൊന്നുമേ 
പഴിക്കുവതവസാനം വിധിതരും കുറ്റമായ്‌ 
എന്തിനുമനുഷ്യാ നീ അണിയുവതീ പൊയ്മുഖം 

ഒരുമാറ്റമെപ്പഴോ ആശിച്ചതില്ലേ നിന്‍ 
മൂകത ചൊല്ലുന്നതിനുള്ള കാരണവും 
പരിഹാസമെത്രയോ കേട്ടുതകര്‍ന്നതും 
ഒരുചൂടായ്‌ നല്‍കൂ നിന്‍മാനസത്തില്‍ 

സൂര്യ കാന്തികള്‍ വിടചോല്ലുമിന്നേരം 
പറവകള്‍കൂട്ടമായ്‌ കൂടണയുംസന്ധ്യയില്‍
ആ മനംമാറ്റവും നിന്നിലായുണ്ടായാല്‍ 
മോക്ഷമായ്‌ ജീവിതം ധന്യമായ്‌മാനസം 

ഈകാറ്റില്‍ കളയൂ നീ നാളെയെന്നുല്‍കണ്ട  
പൊരുതൂ നീ സത്യവും നീതിയും കൈവരാന്‍
ഒരു ദിനം വന്നിടും  സ്വന്തമായ്‌ നിന്നിലും 
അന്നു നീ വാണിടും ഈനാട്ടില്‍ രാജനായ്‌,,, 

Monday, 1 October 2012

"ഓടക്കുഴല്‍ "

ഇന്നലെ ഞാനെന്‍റെ കണ്ണന്‍റെ കയ്യിലെ 
പോന്നോടക്കുഴല്‍ സ്വന്തമാക്കി 
കാലിയെ മേക്കുമ്പോളാകുഴല്‍ വിളി- 
കേള്‍ക്കാനോടിക്കിതച്ചിങ്ങു വന്നു ഞാനും

കരിമുകില്‍ ചേലുള്ള കണ്ണന്‍റെ പാട്ടിനായ്‌ 
ഒരു കുടം വെണ്ണയും കരുതിവച്ചു
കരളില്‍ കവിതയായ്‌ എന്നുമെന്‍ കണ്ണന്‍റെ 
ചുണ്ടിലാ തേനൂറും നാദമാവാന്‍ 

വൃന്ദാവനത്തിലീ രാധതന്‍ തോഴിയായ്‌  
അരികിലായ് ഞാന്‍ നില്‍പ്പൂ കണ്ടില്ലേ കണ്ണാ 
മുരളിയില്‍ ചുംബിക്കും കരിനീലവര്‍ണ്ണാ 
മധുരമായ്‌ വേണു നീ മീട്ടില്ലേ കൃഷ്ണാ

നറുവെണ്ണയുണ്ണാനെന്‍ അരികില്‍ നീ വരുമോ 
മഴവില്ലിന്‍ മോഹമെന്നുള്ളിലും കൃഷ്ണാ 
മുരളിയില്‍ ചുംബിക്കും കരിനീലവര്‍ണ്ണാ 
മധുരമായ്‌ വേണു നീ മീട്ടില്ലേ കൃഷ്ണാ,,,,, 

"ഇതു നിനക്ക്,,"

സുന്ദരീ എന്‍ സ്വപ്നേശ്വരീ.......
ചെമ്പക മണമെഴും കണ്മണീ .........
അഴകാര്‍ന്ന നിന്നുടെ കൈവിരലില്‍ തൊടാന്‍
അറിയാതെ ഞാനും കൊതിച്ചതല്ലേ 

എന്‍റെ മനസ്സിലെ മയില്‍‌പ്പീലി മോഹങ്ങള്‍
ചിറകു വിടര്‍ത്തുന്നൊരാ സന്ധ്യയില്‍
മസ്സിലെ മോഹങ്ങള്‍ പുല്ലാങ്കുഴല്‍ നാദമായ്‌
നിറയുന്നൊരാ നിറസന്ധ്യയില്‍

നിന്നെക്കുറിച്ചുള്ള ചിന്തയാലെന്മനം
നിറഞ്ഞു കവിയും ഗംഗ പോലെ
പറഞ്ഞില്ലയെന്നാലും അറിയേണം നീയെന്നെ
അറിയാന്‍ ശ്രമിച്ചു ഞാന്‍ നിന്നെയെന്നാലും

അറിഞ്ഞില്ലല്ലോ മായാ ദേവീ
മധുകരയൊരാ ആനന്ദവേളയില്‍ 
കുയില്‍ നാദമാംനിന്‍ ശബ്ദമാധുര്യത്തെ  
വെറുതെ വെറുതെ ഓര്‍ത്തു പോയീ ....

"ഹര്‍ത്താല്‍ "

കാണാം നമ്മുക്കിനി അടുത്തോരാഹര്‍ത്താലില്‍
യാത്ര ചോദിക്കുമ്പോളാകണ്ണും നിറയുന്നു
ഓര്‍ക്കുന്നു ഹര്‍ത്താലിന്‍ കമ്പുള്ളദിനങ്ങളും
മറക്കുവാനാകുമോ ആ നല്ലനാള്‍കളും

കേരളം വാണൊരാ മാവേലിതമ്പ്രാനും
അന്തിച്ചുനില്‍പ്പതിന്നീക്കൂത്ത് കണ്ടിട്ടോ 
ഓണത്തിന്‍ വില്ലനായ് മാറിയിന്നീഹര്‍ത്താല്‍
കുടുംബത്തിന്‍ തോഴനാണിന്നിതീഹര്‍ത്താല്‍

മക്കളെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം 
ഭാര്യയെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം
പായുന്നീ ലോകത്തില്‍ ഹര്‍ത്താലോന്നില്ലെങ്കില്‍
ശൂന്യമായ് ജീവിതം ഓര്‍മ്മയായ്‌ ബന്ധങ്ങള്‍ 

കാണാം നമുക്കിത് നല്ലതിന്‍ മാറ്റമായ്
കൂടാംനമുക്കിനി അടുത്ത ഹര്‍ത്താലിനും 
മാറുന്നമാറ്റത്തില്‍ മാറാത്തജനതയായ്
പാടാംനമുക്കിതും ഹര്‍ത്താലിന്‍ജയത്തിനായ്…

"പെട്രോള്‍"

പുതുഫാഷന്‍ വണ്ടിയില്‍ മൈലേജു കാണില്ല
വല്ല്യേട്ടന്‍ ചൊല്ലിയും കേട്ടില്ലതന്നുഞാന്‍ 
മുതുമൂത്ത നെല്ലിക്ക പോലുള്ളാവാക്കുകള്‍ 
തയമ്പിച്ച കാതുകള്‍  വെറുതെയിന്നോര്‍ത്തുവോ 

ശകടമൊന്നനക്കുവാന്‍  പെട്രോളു തികയില്ല 
ചിരിക്കുമെന്‍ വണ്ടിയെ നിറകണ്ണാല്‍ നോക്കിഞ്ഞാന്‍
ഈലോകം ചുറ്റുവാന്‍  നിന്നെയൊന്നനക്കുവാന്‍
പണയമായ്‌  വയ്ക്കുവാന്‍ നീതന്നെയിന്നുള്ളൂ

അന്നോരോ  ചിന്തകള്‍ നിന്നെയിങ്ങെത്തിച്ചു 
ഉള്ളതില്‍ കേമനും നീയാകാന്‍ ആശിച്ചു 
പാര്‍ക്കിലും ബീച്ചിലും കോളേജിന്‍ മുന്നിലും 
അവളുമായ് കറങ്ങുവാന്‍  നീയൊരു സ്വപ്നമായ്‌ 

ഒരുസെന്‍റ്  ഭൂമിക്കിന്നൊരുലിറ്റര്‍ പെട്രോളോ ! 
പൊട്ടാത്ത പടക്കമായ്‌ നീയിന്നീ മുറ്റത്ത് 
മഴയേറ്റും വേയിലേറ്റും വാടിത്തളരുമ്പോള്‍ 
ചിരിക്കുന്നതിന്നെന്തിനോ ലോണിലാ ബാക്കിയും,,,,