Thursday, 19 June 2014

" കിനാവ്‌ "

കുളിരും കിനാക്കളും കൈതോല ചെടികളും
തൊട്ടാര്‍വാടിയില്‍ വിരിഞ്ഞൊരാ പൂക്കളും
മാന്‍പേടകണ്ണുകളില്‍ കവിതമൂളും സാഗരമായ്‌

പ്രേമത്തിന്‍ പല്ലവിയില്‍ നൃത്തമാടും പെണ്‍മയിലായ്‌
മൊഴികേള്‍ക്കാ മറുപാട്ടില്‍ മൂളുന്നൊരു പൂങ്കുയിലായ്
സിന്ദൂരപ്രാവായ്‌ നീ കൂടുകൂട്ടിയിതെന്‍ ഹൃത്തില്‍

പൊയ്കയിലാ പൊന്നാമ്പല്‍ പൂവായ്‌ നീമാറുമ്പോള്‍
ദളമാര്‍ദവ സൗന്ദര്യം നിറയുന്നിരുകൈകളിലും
ആശിക്കുന്നെന്‍മനവും കുളിര്‍കാറ്റില്‍ തഴുകാനായ്

മിഴിയെഴുതും കണ്ണുകളില്‍ ഒളിനോട്ടം കൗതുകമോ
പുഞ്ചിരിയാ ചുണ്ടുകളില്‍ പ്രേമത്തിന്‍ ഈരടിയോ
കുസൃതികൂട്ടും വാക്കുകളും ഒളിമങ്ങാ നിന്നഴകായ്‌

കരതഴുകും കടല്‍പോലെന്‍ കരളില്‍ നീ നിറയുന്നു
ആശകളെന്‍ മനതാരില്‍ കവിതകളായ്‌ വിരിയുന്നു
ഈ കുളിരില്‍  നീ വരുകില്ലേ,,  അഴകാമെന്‍ പൂങ്കുയിലേ,,,,

Krishnadas,,,

" ഓര്‍മ്മകൊയ്ത്ത്‌ "

പൊയ്കഴിഞ്ഞ കാലമിന്നുമൊഴുകിടുന്നു കണ്‍കളില്‍
കഥകളേറെ ചൊല്ലുമിന്നീ പൊളിഞ്ഞുവീണ ചുമരുകള്‍

വൃത്തിയോടെ ശുദ്ധിയോടെ വച്ചുവാണ മച്ചകം
തിരിവിളക്ക് ദീപമായി ഭക്തിയോടെ കാക്കുവാന്‍
മനിതരില്ല, നേരമില്ല, കറ്റകെട്ടും മുറ്റമിന്നതോര്‍മ്മയായ്‌

കണ്ണടച്ചാല്‍ കാണുമിന്നും കോയ്ത്തുകാല ഭംഗിയില്‍,
തന്തിനന്താന പാടുന്ന പാട്ടും, പാടിമെതിക്കും കറ്റയും
ഞാറലും, കഞ്ഞികൊണ്ടോടുമാ പാവാടക്കാരിയും

ചുണ്ടില്‍ചെറുമൂളലോടെ ചേറിലന്നാഞാറുനട്ടു,
കൊയ്തെടുത്ത വിളവെല്ലാം കറ്റയായ്‌ കെട്ടിവച്ചൊ-
രിലകൊഴിഞ്ഞ തേന്മാവിന്‍ കൊമ്പിലൂഞ്ഞാലാടിയന്നും

നിറകതിരില്‍ പാടങ്ങള്‍, കൊയ്ത്തുപാട്ടിന്നീണങ്ങള്‍
പീലിനീര്‍ത്തുമോര്‍മ്മകളായ് തെളിയുന്നെന്‍ മനതാരില്‍
Krishnadas,,,

Wednesday, 18 June 2014

"കാഴ്ച്ച"

കണ്ടൊരാ കാഴ്ച്ച,  പിടഞ്ഞുപോയ്‌ നെഞ്ചകം
അവകാശമെന്തുണ്ടീ പൈതലില്‍ മോഹിക്കാന്‍
അന്നേരം അന്നം അവന്‍ എച്ചിലില്‍ തിരയുന്നു

പാലൂട്ടി വളര്‍ത്തിയ എന്നോമല്‍ പൈതലേ
മകനായ് പിറന്നു നീ,  ജന്മപുണ്യമത് നേടുമ്പോള്‍-
നേരിനായലയുന്നു നിന്‍ സോദരന്‍ തെരുവിതില്‍  

സ്വര്‍ഗ്ഗമീ ഭൂമിയില്‍ നരജന്മം നേടിയും-
അരവയര്‍ നിറയ്ക്കുവാന്‍ പശിയൊന്നടക്കുവാന്‍
അവന്‍ കെട്ടുന്നു ബാല്യത്തില്‍, യാചക വേഷവും

കണ്‍മുന്നില്‍ കാണുമ്പോള്‍ ആട്ടാതെയകറ്റാതെ
ഓര്‍ക്കേണം നീയത്‌,   അവരും നിന്‍ സോദരര്‍
ജീവിതച്ചുഴിയിലായ് വീണൊരാ മാനുഷജന്മങ്ങള്‍,,Krishnadas,,,

Saturday, 12 January 2013

" ഭ്രാന്തന്‍ "


വേദനിക്കുന്നു എനിക്കെന്‍റെ കാലുകള്‍ 
ചങ്ങലയാല്‍പൂട്ടി നീ നേടിയതിന്നെന്താണ് 
ഭ്രാന്തനെന്നെന്നെ വിളിച്ചു നീ കളിയാക്കി 
ലോകത്തിലാരുണ്ട് ഭ്രാന്തില്ലാ മനുഷ്യരായ്‌
ക്രോധവും മോഹവും ഭ്രാന്തിന്‍റെ രൂപങ്ങള്‍ 
നീചമീ ലോകമോ ഭ്രാന്തിന്‍റെ തൊട്ടിലായ്
ചിലര്‍ക്കത് കാണാം പണമെന്ന രൂപത്തില്‍ 
മറ്റുചിലര്‍ അവര്‍ക്കധികാര രൂപത്തില്‍
ആവതില്ലാത്തൊരീ എന്നെ നീ ബന്ധിച്ചു 
മുഴുഭ്രാന്തന്മാര്‍ പുറത്തായ്‌ വിലസുന്നു 
കണ്ടതു കാണാത്ത നിന്‍ കണ്ണില്‍ തിമിരമോ 
ഇരുട്ടറയില്‍ ഞാന്‍ അലറുന്നു തേങ്ങുന്നു
തരികയൊരവസരം അതെനിക്കായ്‌ മാത്രവും 
കാണിക്കാം ഈ ഞാനും ഭ്രാന്തേറും മനുഷ്യരെ 
വേദനിക്കുന്നു, അഴിച്ചുവിടൂ,, ഞാനല്ല ഭ്രാന്തന്‍ 
യെന്‍യാചന തോന്നുന്നോ നിനക്കിതുമറ്റൊരു ഭ്രാന്തായ്‌


Krishnadas,,,,

Sunday, 25 November 2012

" പ്രണയരാവ്‌ "

ഒഴുകിവരുമീ ഗാനം രാവിലൂറും ശോകമാണോ  
കുളിര്‍കാറ്റിന്‍ ഈണമേകും ഭാവമിന്നനുരാഗമാണോ 
നിലാവിലായ്‌യലിയാന്‍ ഈ കുളിരില്‍ നീ കൂടെയില്ലേ   
നിറതിങ്കള്‍ വാനിലൊഴുകും താരമിന്നാ പല്ലവിപാടി   

വീണമീട്ടും വിരലുകള്‍ ചുണ്ടിലായ്‌ കോറിയോ
മൂകമായ്‌ കുയിലുകള്‍ നിന്‍ചാരില്‍ വന്നുവോ 
തെന്നലിന്‍ നറുമണം നിന്‍ മേനിപുണര്‍ന്നുവോ
മനതാരിലെ മോഹമാം മുഖമിന്നെന്‍ സ്വന്തമായ്‌  

ഈരാവും സാക്ഷിയായ്‌ വസന്തമായ്‌ വന്നു നീ 
വിരിഞ്ഞോരീ പൂവിലും തേനൂറും മോഹമായ്‌
കൊതിതീരാ ശലഭമായ് നിന്നരികില്‍ പാറി ഞാന്‍ 
ഇരുള്‍വന്നെന്‍ മിഴികളില്‍ മൃദുവായ് തലോടിയോ 

ഒഴുകിവരുമീ ഗാനം രാവിലൂറും ശോകമാണോ  
കുളിര്‍കാറ്റിന്‍ ഈണമേകും ഭാവമിന്നനുരാഗമാണോ
നിലാവിലായ്‌യലിയാന്‍ ഈ കുളിരില്‍ നീ കൂടെയില്ലേ   
നിറതിങ്കള്‍ വാനില്‍നിറയും താരമിന്നാ പല്ലവിപാടി   

Saturday, 6 October 2012

" ഓര്‍മ്മകള്‍ "

തനി നാടന്‍ പെണ്ണല്ലേ ഒരു പനിനീര്‍ പൂവല്ലേ
അരികില്‍ വരുമ്പോഴെന്നും കാച്ചിയെണ്ണ മണമല്ലേ
അഴകേറും ചുരുള്‍ മുടിയില്‍ ഒരു തുളസ്സിക്കതിരില്ലേ
കുളിരായ് നീ  വരുകില്ലേ  അഴകേറും പെണ്‍കിളിയേ

തൊടുകുറിയായ് ചന്ദനവും കണ്ണഴകായ്‌ കരിമഷിയും
കൈകളില കരിവളയും സെറ്റുകസവിന്‍ ഞോറിയഴകും 
വഴുതിവീണ ആശകളും വഴിയടഞ്ഞ നൊമ്പരവും
ചെറുചിരിയായ് നിറയുന്നു ഇന്നുമെന്നിലോര്‍മ്മകളില്‍

മയില്‍‌പീലി കണ്ണിണകള്‍  മനസ്സില്‍ ഒരു തേന്മഴയായ്
ഇരുള്‍ മൂടും കാര്‍മുകിലില്‍  നിറയുന്നോരു  മഴവില്ലായ്‌
അടര്‍ന്നു വീഴും പൂവുകളില്‍ മായാത്തൊരു വാസനയായ്
കവിതയിലെ ചെറു കഥയായ് നിറയുന്നു നിന്‍ മുഖവും

പാദസര ചേലുകാട്ടും സ്വരമിന്നെന്‍ ഓര്‍മ്മകളായ്
കരളില്‍ ഒരു പൂവിതളായ് നിറമേറും നീലിമയായ്
സുഖസുന്ദര നിദ്രയിലും മറയാത്തൊരു സ്വപ്നവുമായ്
കുളിരായ് നീ വരുകില്ലേ അഴകേറും പെണ്‍കിളിയേ,,,,
Wednesday, 3 October 2012

"വാസ്തവം"

പൊഴിയുന്ന പൂവുപോല്‍ വീഴുന്നു ജീവനും
ജയിക്കുവാനാവില്ല കരുത്തനാണെന്നും നീ
ജീവിത സ്വപ്നത്തിന്‍ അടിവേരു പിഴുതു നീ
അലറിയടുക്കുന്നു ആടിത്തിമിര്‍ക്കുന്നു

കാലത്തിന്‍ മാറ്റമായ് മായ്ച്ചിടാനാകുമോ
നീ നഷ്ട്ടപെടുത്തിയ ജീവിത ചീന്തുകള്‍
ചെവിയോര്‍ത്താലത് നിന്നിലേക്കെത്തിടും
ഒരമ്മതന്‍ തേങ്ങലും നഷ്ട പ്രതീക്ഷയും

നീ ജയിച്ചപ്പോഴിന്നലെ തോറ്റതെന്‍ അച്ഛനും 
കഥയറിയാ മക്കളാം ഞങ്ങള്‍തന്‍ ബാല്യവും 
ദൂരേക്ക്‌ പോവുക ശാപവും പേറിനീ, 
കവരാതെ മറ്റേതു ജീവനും ശോഭയും  

പൊറുക്കുവാനാവില്ല നിന്നോടൊരിക്കലും
തുടരുകയാണോ നീ ഇന്നുമാ പോര്‍വിളി
പലപല രൂപവും ഭാവവും നല്‍കി നീ
കുഴികുത്തി മൂടുന്നു ഇന്നുനൂറാശകള്‍,,,