Friday, 28 September 2012

"നഷ്ട സ്വര്‍ഗം"

മധു നുകരുമീ പൂമ്പാറ്റയും 
തലയാട്ടുമീ തളിര്‍ച്ചില്ലയും
കുളിര്‍ തെന്നലും പുഴയോരവും 
തളിരായിതെന്‍ നീറും മനസ്സിലും 
നിന്‍ കൈകളില്‍ തല ചായ്ക്കുവാന്‍ 
നിന്‍ കവിളിലൊന്നുമ്മവയ്ക്കുവാന്‍ 
തലോടലില്‍ സ്വയമലിയുവാന്‍
നൂറാശയായോടിയെത്തി ഞാന്‍
അറിയുന്നു ഞാന്‍ നിന്‍ നിസ്വനം
അറിയുന്നു ഞാന്‍ നിന്‍ സ്പര്‍ശനം 
തെന്നലില്‍ കിളികൊഞ്ചലായ്   
ഈ സന്ധ്യയില്‍ നീയെത്തുമോ
വിധി വരച്ചോരീ രേഖയില്‍ 
വീണുപോയ്‌ നൂറാശകള്‍
നിന്‍ ഓര്‍മയില്‍ വീണലിയുവാന്‍
നിറ കണ്ണുമായ് ഞാന്‍ ഏകനായ്,,,,,

Wednesday, 26 September 2012

" നോവ് "

ഇന്നീ പഴംകഞ്ഞിക്കെന്തുരുചിയമ്മേ
ഉണ്ടെങ്കിലിങ്ങുതാ ഈ വയറു നിറഞ്ഞില്ല
ഉണ്ണിതന്നുള്ളില്‍ വന്നൊരീ വാക്കുകള്‍
പൊള്ളുന്ന നോവായ് ആ അമ്മതന്‍ കണ്ണീരില്‍

ആവുമോ എന്നുണ്ണിതന്നീവയറു നിറക്കുവാന്‍
തുടയ്ക്കുവാനാകുമോ എന്‍പൈതല്‍ കണ്ണുനീര്‍
ചിരിയ്ക്കുവാനാവതു തെല്ലില്ലീ ജീവനും
കരയുവാന്‍ കണ്ണീരും കാണില്ലീ കണ്‍കളില്‍

തുടരുന്നതെന്തിനു ശിഷ്ട്ടമീജീവിതം
നല്‍കുന്നതിത്തിരി പാഷാണമെങ്കിലും
അമ്മതന്‍ കയ്യില്‍നിന്നുരുളയായ് കിട്ടുമ്പോള്‍
ആവില്ലൊരമൃതിനും ഒപ്പമായ്നില്‍ക്കുവാന്‍

കൊതിക്കുന്നതിപ്പൊഴും അരനേരം ഭക്ഷണം
ശപിക്കുന്നതെപ്പൊഴും വ്യര്‍ത്ഥമീ ജന്മത്തെ
തകരുന്ന നെഞ്ചില്‍നിന്നൊടുവിലീ  പ്രാര്‍ത്ഥന
ജനിക്കരുതീ മണ്ണില്‍ ഇതുപോലൊരമ്മയായ്.…


Tuesday, 25 September 2012

"കള്ള്"

കൂട്ടരോടൊത്തു കൂട്ടുകൂടുമ്പോ കൂടെനടക്കണം കള്ള്
കള്ള് വാങ്ങാനായ്‌ കാലത്തുതന്നെ കാവല്നില്‍ക്കാനും തല്ല്
കാവല് നില്‍ക്കുമ്പോ കാലില്‍ കിടക്കണ  ചപ്പലിലുണ്ടോരു മുള്ള് 
മുള്ളുവലിച്ചു ഞാന്‍ കാവല് നില്‍ക്കുമ്പോ പിന്നീന്ന് വന്നൊരു തള്ള്

ഹര്‍ത്താലുവന്നാലും കള്ള് കൊച്ചു ജനിച്ചാലും കള്ള്
പട്ടിണി മാറ്റാനും കള്ള് പട്ടിണിയാക്കാനും കള്ള്
പാമ്പ് കണക്കെ റോഡിലിഴയാന്‍ മോന്തി കുടിക്കണം കള്ള്
ചാലില്‍ കുളിക്കാനും നീന്തിക്കളിക്കാനും ഉള്ളില്‍ കിടക്കണം കള്ള്

കള്ളുമടിച്ചങ്ങു വീട്ടില് ചെല്ലുമ്പോ വാതില്‍ക്കല്‍ നില്‍ക്കണ് പെണ്ണ്
പെണ്ണിന്‍ കരച്ചില് കാതില്‍ കയറണേ പിന്നേമടിക്കണം കള്ള്
സുന്ദരനായവന്‍ വാചാലനാവാന്‍ തുള്ളിയടിക്കണം കള്ള്
നാട്ടില് ചെന്നാലും കള്ള് നാടുവിട്ടെന്നാലും കള്ള്

കൂരിരുട്ടത്ത് ഒറ്റക്ക് പോവാന്‍ പേടിതൊണ്ടനടിക്കണം കള്ള്
വെള്ളമടിച്ചവന്‍ പാടണ്കേട്ടാ കൂട്ടരടിക്കും കള്ള്
പാടി നടക്കാനും കള്ള് പാരപണിയാനും കള്ള്
കൂട്ടരോടൊത്തു കൂട്ടുകൂടുമ്പോ കൂടെനടക്കണം കള്ള്,,, ഈ കള്ള്,,,,,,


Saturday, 22 September 2012

"പ്രായശ്ചിത്തം"

നുരയുന്ന ഗ്ലാസ്സിന്‍റെ ലഹരിയില്‍ മുങ്ങി നീ
കരയുന്നൊരമ്മതന്‍ വാക്കുകള്‍ കേള്‍ക്കാതെ
ഒരു കുഞ്ഞുപെങ്ങള്‍തന്‍ നോവുകളറിയാതെ
അലയുന്നതെന്തിനീ വഴിവിട്ട ധൂര്‍ത്തിനായ്

ബാക്കിയാ ആയുസ്സില്‍ നിമിഷങ്ങള്‍ മാത്രമേ
നിന്നിലാ യവ്വനം തീരുന്ന വേളയില്‍ 
നിന്നിലും വാര്‍ദ്ധക്യം പിടികള്‍ മുറുക്കുമ്പോള്‍
കാണില്ല മദ്യവും ഉറ്റവര്‍ സ്നേഹവും
ഒരുനല്ല  നാളെയും നിന്നിലേക്കെത്തിടും
മാറുക നീയൊരു ഇന്നിന്‍റെ പുത്രനായ്‌
ഗംഗയില്‍ മുങ്ങിനീ ഇന്നിലേക്കെത്തുമ്പോള്‍
കഴുകുക കണ്ണീരാല്‍ നിന്നമ്മതന്‍ കാലുകള്‍
ആശകള്‍ ഏറെയും നിന്നിലാണമ്മക്ക്
നല്‍കു നീ അമ്മക്ക് ബാക്കിനിന്‍ ജീവിതം
ആ കൈകള്‍ പിടിച്ചു നീ കൂടെ നടക്കുമ്പോള്‍
നിശ്ചയം ഓര്‍ക്കും നീ നിന്‍റെയാ ബാല്യവും...