Thursday, 19 June 2014

" കിനാവ്‌ "

കുളിരും കിനാക്കളും കൈതോല ചെടികളും
തൊട്ടാര്‍വാടിയില്‍ വിരിഞ്ഞൊരാ പൂക്കളും
മാന്‍പേടകണ്ണുകളില്‍ കവിതമൂളും സാഗരമായ്‌

പ്രേമത്തിന്‍ പല്ലവിയില്‍ നൃത്തമാടും പെണ്‍മയിലായ്‌
മൊഴികേള്‍ക്കാ മറുപാട്ടില്‍ മൂളുന്നൊരു പൂങ്കുയിലായ്
സിന്ദൂരപ്രാവായ്‌ നീ കൂടുകൂട്ടിയിതെന്‍ ഹൃത്തില്‍

പൊയ്കയിലാ പൊന്നാമ്പല്‍ പൂവായ്‌ നീമാറുമ്പോള്‍
ദളമാര്‍ദവ സൗന്ദര്യം നിറയുന്നിരുകൈകളിലും
ആശിക്കുന്നെന്‍മനവും കുളിര്‍കാറ്റില്‍ തഴുകാനായ്

മിഴിയെഴുതും കണ്ണുകളില്‍ ഒളിനോട്ടം കൗതുകമോ
പുഞ്ചിരിയാ ചുണ്ടുകളില്‍ പ്രേമത്തിന്‍ ഈരടിയോ
കുസൃതികൂട്ടും വാക്കുകളും ഒളിമങ്ങാ നിന്നഴകായ്‌

കരതഴുകും കടല്‍പോലെന്‍ കരളില്‍ നീ നിറയുന്നു
ആശകളെന്‍ മനതാരില്‍ കവിതകളായ്‌ വിരിയുന്നു
ഈ കുളിരില്‍  നീ വരുകില്ലേ,,  അഴകാമെന്‍ പൂങ്കുയിലേ,,,,

















Krishnadas,,,

" ഓര്‍മ്മകൊയ്ത്ത്‌ "

പൊയ്കഴിഞ്ഞ കാലമിന്നുമൊഴുകിടുന്നു കണ്‍കളില്‍
കഥകളേറെ ചൊല്ലുമിന്നീ പൊളിഞ്ഞുവീണ ചുമരുകള്‍

വൃത്തിയോടെ ശുദ്ധിയോടെ വച്ചുവാണ മച്ചകം
തിരിവിളക്ക് ദീപമായി ഭക്തിയോടെ കാക്കുവാന്‍
മനിതരില്ല, നേരമില്ല, കറ്റകെട്ടും മുറ്റമിന്നതോര്‍മ്മയായ്‌

കണ്ണടച്ചാല്‍ കാണുമിന്നും കോയ്ത്തുകാല ഭംഗിയില്‍,
തന്തിനന്താന പാടുന്ന പാട്ടും, പാടിമെതിക്കും കറ്റയും
ഞാറലും, കഞ്ഞികൊണ്ടോടുമാ പാവാടക്കാരിയും

ചുണ്ടില്‍ചെറുമൂളലോടെ ചേറിലന്നാഞാറുനട്ടു,
കൊയ്തെടുത്ത വിളവെല്ലാം കറ്റയായ്‌ കെട്ടിവച്ചൊ-
രിലകൊഴിഞ്ഞ തേന്മാവിന്‍ കൊമ്പിലൂഞ്ഞാലാടിയന്നും

നിറകതിരില്‍ പാടങ്ങള്‍, കൊയ്ത്തുപാട്ടിന്നീണങ്ങള്‍
പീലിനീര്‍ത്തുമോര്‍മ്മകളായ് തെളിയുന്നെന്‍ മനതാരില്‍
















Krishnadas,,,

Wednesday, 18 June 2014

"കാഴ്ച്ച"

കണ്ടൊരാ കാഴ്ച്ച,  പിടഞ്ഞുപോയ്‌ നെഞ്ചകം
അവകാശമെന്തുണ്ടീ പൈതലില്‍ മോഹിക്കാന്‍
അന്നേരം അന്നം അവന്‍ എച്ചിലില്‍ തിരയുന്നു

പാലൂട്ടി വളര്‍ത്തിയ എന്നോമല്‍ പൈതലേ
മകനായ് പിറന്നു നീ,  ജന്മപുണ്യമത് നേടുമ്പോള്‍-
നേരിനായലയുന്നു നിന്‍ സോദരന്‍ തെരുവിതില്‍  

സ്വര്‍ഗ്ഗമീ ഭൂമിയില്‍ നരജന്മം നേടിയും-
അരവയര്‍ നിറയ്ക്കുവാന്‍ പശിയൊന്നടക്കുവാന്‍
അവന്‍ കെട്ടുന്നു ബാല്യത്തില്‍, യാചക വേഷവും

കണ്‍മുന്നില്‍ കാണുമ്പോള്‍ ആട്ടാതെയകറ്റാതെ
ഓര്‍ക്കേണം നീയത്‌,   അവരും നിന്‍ സോദരര്‍
ജീവിതച്ചുഴിയിലായ് വീണൊരാ മാനുഷജന്മങ്ങള്‍,,



Krishnadas,,,